
അയര്‍ലണ്ടില്‍ തൊഴില്‍ മേഖലയില്‍ സ്വദേശികളായ ഐറിഷുകാരേക്കാള്‍ കൂടുതലായി ജോലി ചെയ്യുന്നവർ കുടിയേറ്റക്കാരാണെന്ന് **Economic and Social Research Institute (ESRI)**യുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മുതല്‍ രാജ്യത്തെ തൊഴില്‍നിരക്കില്‍ കുടിയേറ്റക്കാര്‍ ഐറിഷുകാരെക്കാള്‍ മുന്നിലാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍, കുടിയേറ്റക്കാരുടെ തൊഴില്‍ സാധ്യത അവര്‍ ജനിച്ച രാജ്യത്തെ ആശ്രയിച്ചിരിയ്ക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024ലെ കണക്കുകള്‍ പ്രകാരം, ഇയുവിന് പുറത്തുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിച്ചവരിലും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരിലും തൊഴില്‍ ലഭ്യത കുറവായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ തൊഴിലില്ലായ്മ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
ജീവിതച്ചെലവ് ഉയരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകളും
തൊഴില്‍ മേഖലയില്‍ മുൻനിരയിലായിരുന്നാലും ജീവിതച്ചെലവ് ഏറ്റവും കൂടുതലായി ബാധിക്കുന്നത് കുടിയേറ്റക്കാരെയാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. 37% കുടിയേറ്റക്കാർ അവരുടെ ആകെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ താമസച്ചെലവിന് മാറ്റിവയ്ക്കുന്നുവെങ്കില്‍, ഈ നിരക്ക് ഐറിഷുകാരിൽ 9% മാത്രമാണ്. കൂടാതെ, കുടിയേറ്റക്കാരില്‍ ദാരിദ്ര്യം കൂടുതലായും അനുഭവപ്പെടുന്നു. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവര്‍ക്കും ഇയുവിന് പുറത്തുനിന്നുള്ള 20% ആളുകള്‍ക്കും കൊടിയ ദാരിദ്ര്യമാണ് നേരിടേണ്ടി വരുന്നത്, അതേസമയം ഐറിഷുകാരിൽ ഈ നിരക്ക് 11% മാത്രമാണ്.
വിദ്യാഭ്യാസ മേഖലയില്‍ കുടിയേറ്റക്കാര്‍ക്ക് മുന്‍തൂക്കം
പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ കുടിയേറ്റക്കാരാണ് ഐറിഷുകാരെക്കാള്‍ മുന്നിൽ. 2021-23 കാലയളവിലെ കണക്കുകൾ പ്രകാരം, അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാരില്‍ 59% പേര്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും, ഈ നിരക്ക് ഐറിഷുകാരിൽ 42% മാത്രമാണ്. കൂടാതെ, വിദ്യാഭ്യാസം നേടിയ നിരക്ക് കുടിയേറ്റക്കാരുടെ ജന്മദേശത്തനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ 38% പേരിന് മാത്രമാണ് ഉന്നതവിദ്യാഭ്യാസം ലഭ്യമായിട്ടുള്ളത്, അതേസമയം ഏഷ്യയിൽ നിന്നുള്ള 79% കുടിയേറ്റക്കാർ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, 15ാം വയസ്സില്‍ ഇംഗ്ലീഷ് റീഡിങ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറവ് മാര്‍ക്ക് ലഭിക്കുന്നുവെന്ന കണ്ടെത്തലും റിപ്പോർട്ട് അടയാളപ്പെടുത്തുന്നു. എന്നാൽ, സഹപാഠികളായ ഐറിഷ് വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തിയാൽ സ്കൂൾ പഠനം നേരത്തെ പൂർത്തിയാക്കുന്ന നിരക്ക് രണ്ടുകൂട്ടർക്കും ഏകദേശ സമാനമാണെന്ന് പഠനം വ്യക്തമാക്കുന്നു.
Add comment
Comments