അയര്‍ലണ്ടില്‍ മിനിമം ശമ്പള നിയമലംഘനത്തിന് കടുത്ത നടപടി

Published on 8 April 2025 at 22:23

അയര്‍ലണ്ടില്‍ മിനിമം ശമ്പളത്തില്‍ കുറഞ്ഞ വേതനത്തിന് കുടിയേറ്റക്കാരനെ ജോലി ചെയ്യിപ്പിച്ച സ്ഥാപനത്തിനെതിരെ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) കടുത്ത നടപടി സ്വീകരിച്ചു. ലിമറിക്കിലെ Davis Street-ല്‍ പ്രവർത്തിക്കുന്ന Mix Spice 3 in 1 എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് 57,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ WRC ഉത്തരവിട്ടിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളിയെ ദിവസം 18 മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിച്ചിരുന്നെങ്കിലും ദേശീയ ശരാശരിയെക്കാള്‍ കുറവ് ശമ്പളമാണ് നല്‍കിയിരുന്നത്. ഇതുവഴി National Minimum Wage Act 2000 ലംഘിച്ചുവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 2021 ഓഗസ്റ്റ് മുതല്‍ 2023 ഒക്ടോബര്‍ വരെയാണ് ഇത് നടന്നത്.

പരാതിക്കാരനായ പാക്കിസ്ഥാന്‍ സ്വദേശിയുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നു WRC നിർദേശിച്ചു. Migrant Rights Centre Ireland ആണ് അദ്ദേഹത്തെ പ്രതിനിധീകരിച്ചത്.

വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 2.30-3.00 വരെയാണ് ഇയാൾ ഫോണ്‍ ഷോപ്പിലെ ജോലി കഴിഞ്ഞ് Mix Spice 3 in 1-ല്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തിരുന്നത്. എന്നാൽ, പലവട്ടം ശമ്പളം യാചിച്ചാൽ മാത്രം 10 മുതല്‍ 50 യൂറോ വരെ നല്‍കുകയായിരുന്നു. ശമ്പളത്തിന് പകരം താമസം, ഒരു നേരത്തെ ഭക്ഷണം, കാർ ഇൻഷുറൻസ് എന്നിവ മാത്രമാണ് സാധാരണയായി ലഭിച്ചിരുന്നത്.

2023-ല്‍ പിതാവിന്റെ അസുഖവും, വിവാഹനിശ്ചയം നടത്തേണ്ടതുമായ സാഹചര്യത്തിൽ പാക്കിസ്ഥാനിലേക്ക് പോയപ്പോള്‍ പലവട്ടം ശമ്പളം ആവശ്യപ്പെട്ട് 2,900 യൂറോയുടെ മൂന്ന് ചെക്കുകള്‍ മാത്രമാണ് നല്‍കിയിരുന്നത്.

സ്ഥാപനം പ്രതിമാസം 410 യൂറോ പരാതിക്കാരന്റെ പാക്കിസ്ഥാനിലെ കുടുംബത്തിന് നേരിട്ട് അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. കൂടാതെ, ഉടമയുടെ രാഷ്ട്രീയ സ്വാധീനവും നാട്ടിലെ പൊലീസുമായുള്ള അടുപ്പവും കാരണം പരാതിക്കാരന്‌ മറുത്ത് പ്രതികരിക്കാന്‍ മടിച്ചിരുന്നതായി രേഖപ്പെടുത്തി.

ശമ്പളം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അവസാനം WRC-യെ സമീപിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

പരാതിക്കാരന് 2021-2023 കാലഘട്ടത്തില്‍ മിനിമം വേതനം ലഭിക്കേണ്ടിയിരുന്നുവെന്ന് WRC കണക്കാക്കി. അന്നത്തെ ദേശീയ ശരാശരി ശമ്പളം മണിക്കൂറില്‍ 10.20 യൂറോ മുതല്‍ 11.30 യൂറോ വരെയായിരുന്നു. ഇതിന് അടിസ്ഥാനമാക്കി 56,504 യൂറോ നഷ്ടപരിഹാരമായി നല്‍കാനും 1,000 യൂറോ അധിക ചെലവിനവും നല്‍കാനും WRC Mix Spice 3 in 1-ന് നിർദ്ദേശം നല്‍കി.


Add comment

Comments

There are no comments yet.