
Irish Ferries-യുടെ ഹൈസ്പീഡ് ജങ്കാറായ Dublin Swift ഇനി മുതൽ ജൈവ ഇന്ധനമായ Hydrotreated Vegetable Oil (HVO) ഉപയോഗിച്ച് ഓടുന്നു. HVO ഉപയോഗിച്ച് ജങ്കാർ നടത്തിയ ആദ്യ യാത്ര ഇന്നു നടന്നതായി കമ്പനി അറിയിച്ചു.ഭക്ഷ്യ മാലിന്യങ്ങളിൽ നിന്നുമാണ് ഈ ഇന്ധനം നിർമ്മിക്കുന്നത്. ഡീസൽ എഞ്ചിനുകളിലേക്ക് നേരിട്ട് ഉപയോഗിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന HVO, പരിസ്ഥിതിക്ക് ഹാനികരമായ കാർബൺ പുറന്തള്ളൽ മറ്റേതൊരു ഇന്ധനത്തേക്കാളും വളരെ കുറഞ്ഞതാണ്. ഇതിന്‍റെ പ്രധാന ഗുണം തന്നെ അതിന്റെ കാർബൺ പുറന്തള്ളൽ കുറവ് ആണെന്ന് അധികൃതർ വിശദമാക്കുന്നു.
സുസ്ഥിരതയെ ലക്ഷ്യമാക്കി Irish Ferries എടുത്ത പ്രധാന നടപടിയാണിത്. അടുത്ത മാസങ്ങളിൽ Dublin Swift-ലുള്ള നാല് എഞ്ചിനുകളിലേക്കും HVO മാറാനാണ് Irish Ferries-ന്റെ പദ്ധതിയെന്നും, ഇതുവഴി ഡീസലിനെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ 90% വരെ കുറയ്ക്കാനാകും എന്നും അധികൃതർ അറിയിച്ചു.
HVO വിതരണത്തിന് Circle K ആണ് പങ്കാളിയായിരിക്കുന്നതെന്ന് Irish Ferries വ്യക്തമാക്കി.
Add comment
Comments