
ഡബ്ലിൻ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മലയാളി യുവാവിനെ നാടുകടത്തി കോടതി ഉത്തരവ്.രണ്ടാഴ്ചയ്ക്കുള്ളിൽ അയർലണ്ട് വിട്ടുപോകണമെന്നും പത്തുവർഷത്തേയ്ക്ക് ഇവിടേയ്ക്കെത്തരുതെന്നും ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി ജഡ്ജി മാർട്ടിൻ നോളൻ ഉത്തരവിൽ
വ്യക്തമാക്കി.കഴിഞ്ഞ വർഷം ഡബ്ലിനിൽ അഞ്ച് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച വിശാഖ് രാജേഷ് ലീല(26)യെയാണ് നാടുകടത്തുന്നത്.മൂന്ന് വർഷത്തെ തടവ് ശിക്ഷ സസ്പെന്റ് ചെയ്തുകൊണ്ടാണ് ഇയാളോട് രാജ്യം വിടാൻ നിർദ്ദേശിച്ചത്.മാർക്കറ്റിംഗിൽ മാസ്റ്റേഴ്സ് യോഗ്യത പൂർത്തിയാക്കി വരികയായിരുന്ന രാജേഷ് അയർലണ്ടിലെത്തി പത്ത് മാസത്തിനുള്ളിലാണ് കേസിൽപ്പെട്ടത്.
2024 സെപ്റ്റംബർ നാലിന് വടക്കൻ ഡബ്ലിനിലെ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു ഇയാൾ.മദ്യപിച്ച് ലക്കുകെട്ട വിശാഖ് രാജേഷ് രാത്രി 9 മണിയോടെ അപ്പാർട്ട്മെന്റ് ബ്ലോക്കിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളിൽ അഞ്ച് വയസ്സുള്ളയാളെ കടന്നുപിടിച്ചു .കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഇയാൾ ബലം പ്രയോഗിച്ചു. സഹോദരി ഓടിയെത്തി ഇയാളെ തള്ളിയിട്ട് കുട്ടിയെ രക്ഷപ്പെടുത്തി. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ കോടതി പരിശോധിച്ചിരുന്നു
കുട്ടികളുടെ മാതാപിതാക്കളാണ് അപ്പാർട്ട്മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും ഗാർഡയെയും അറിയിച്ചത്.തുടർന്ന് വിശാഖിനെ പാർട്ടിയുടെ സംഘാടകർ തിരികെ വിളിച്ചുവരുത്തി ഗാർഡായിൽ ഏൽപ്പിക്കുകയായിരുന്നു..അറസ്റ്റിനുശേഷം വിശാഖ് രാജേഷ് ലീല മൂന്ന് മാസം കസ്റ്റഡിയിലായിരുന്നു.
മദ്യപാനം വരുത്തിയ പിഴവാണെന്ന് വിശാഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.സാധാരണഗതിയിൽ മദ്യപിക്കാറില്ലാത്തയാളാണ് വിശാഖ്.കുടിച്ച് ബോധം പോയിരുന്നു. എന്താണ് നടന്നതെന്ന് പോലും ഇയാൾക്ക് ഓർമ്മയില്ല.തന്റെ ബന്ധുക്കളായ കുട്ടികളാണെന്ന തോന്നലാണ് ഇയാൾക്ക് ഉണ്ടായിരുന്നതെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു.
കുട്ടികൾ ഉൾപ്പെടുന്ന ഏതൊരു കുറ്റകൃത്യവും ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. മുമ്പ് യാതൊരു വിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളല്ല വിശാഖെന്നതും കോടതി വിലയിരുത്തി.തുടർന്നാണ് മുമ്പ് വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ പൂർണ്ണമായും സസ്പെൻഡ് ചെയ്ത് നാടുവിട്ടുപോകാൻ ഉത്തരവിട്ടത്.
Add comment
Comments