
കൗണ്ടി ഡോണഗലിലെ മിൽഫോർഡ് ഗ്രാമത്തിലെ ക്രാൻഫർഡിൽ പ്ലാസ്റ്റിക് ബാഗുകൾ മനുഷ്യരൂപത്തിൽ ഒരുക്കി, അതിന്മേൽ കെച്ചപ്പ് ഒഴിച്ച് റോഡിലേക്ക് എറിഞ്ഞ് കാറിനെ ഇടിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ചെറുപ്പക്കാരെ തേടി ഗാർഡ അന്വേഷണമാരംഭിച്ചു.
സംഭവം ഞായറാഴ്ച (ജൂലൈ 20) രാത്രി 12.30-ഓടെയാണ് R245 റോഡിലെ The Pans എന്ന സ്ഥലത്ത് നടന്നത്.കാർ ഡ്രൈവർ താൻ ആരെയെങ്കിലും ഇടിച്ചുവെന്ന് കരുതി ഭയപ്പെട്ട് വണ്ടി നിർത്തിയ ശേഷമാണ് ഇത് ഒരു വ്യാജസംഭവമാണെന്ന് തിരിച്ചറിഞ്ഞത്. പുറത്തിറങ്ങി നോക്കിയപ്പോൾ പ്ലാസ്റ്റിക് ബാഗുകളും അതിന്മേൽ കെച്ചപ്പും മാത്രം ഉണ്ടെന്ന് വ്യക്തമായി. അപകടത്തെ തുടർന്ന് കാറിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ മൂന്ന് ചെറുപ്പക്കാരാണെന്ന് ഗാർഡ സംശയിക്കുന്നു. ഇവർ സമീപത്തെ പാർക്ക് ചെയ്തിരുന്ന ഒരു വെളുത്ത കാറിൽ ഉണ്ടായിരുന്നതായാണ് വിവരം. സംഭവ സമയമായ രാത്രി 12.30 മുതൽ 1 മണി വരെയുള്ള സമയത്ത് ഈ പ്രദേശം വഴി കടന്ന വാഹനങ്ങളിലെ ഡാഷ് ക്യാമറ ദൃശ്യങ്ങളിൽ പ്രതികളെ കാണാനാവാമെന്ന് പോലീസ് അറിയിച്ചു.
അപകടം സൃഷ്ടിച്ച ശേഷം പ്രതികൾ Carrigart ഭാഗത്തേക്ക് കാറുമായി പോയതായും Milford ഗാർഡ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ഇതു സംബന്ധിച്ച് ഡാഷ് ക്യാമറ ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ഉള്ളവർ 074 9153060 എന്ന നമ്പറിൽ Milford Garda സ്റ്റേഷനുമായി ബന്ധപ്പെടണമെന്നുമാണ് ഗാർഡയുടെ അഭ്യർത്ഥന.
Add comment
Comments