അയർലണ്ടിന്റെ പുതിയ ഗാർഡ കമ്മീഷണറായി ജസ്റ്റിൻ കെല്ലി സെപ്റ്റംബർ 1ന് സ്ഥാനമേൽക്കും

Published on 30 July 2025 at 21:31

ഡബ്ലിൻ: അയർലണ്ടിന്റെ ഗാർഡ സീഓനയുടെ (An Garda Síochána) പുതിയ കമ്മീഷണറായി ജസ്റ്റിൻ കെല്ലിയെ സെപ്റ്റംബർ 1-ന് നിയമിച്ചതായി നിയായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗൻ പ്രഖ്യാപിച്ചു. നിലവിലെ കമ്മീഷണറായ ഡ്രൂ ഹാരിസ് വിരമിക്കുന്ന ഒഴിവിലേക്കാണ് കെല്ലിയുടെ നിയമനം.ഏഴ് വർഷം കമ്മീഷണറായി സേവനം നിർവഹിച്ച ഹാരിസ്, 41 വർഷത്തെ ഗാർഡ സേവനാനുഭവം കൈവശമുള്ള ഉദ്യോഗസ്ഥനാണ്. ഇപ്പോൾ ഡെപ്യൂട്ടി കമ്മീഷണറായ ജസ്റ്റിൻ കെല്ലിയെ, അടുത്ത 5 വർഷത്തേക്കാണ് ഗാർഡ കമ്മീഷണറായി നിയമിച്ചത്. 30 വർഷത്തിലേറെ അനുഭവസമ്പത്തുള്ള കെല്ലി, അത്യന്തം യോഗ്യനായ ഉദ്യോഗസ്ഥനാണെന്ന് ജിം ഒ’കല്ലഗൻ മന്ത്രി വ്യക്തമാക്കി. സമൂഹത്തിന് വിശ്വസ്ത സേവനം നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗ്യരായ 14 സ്ഥാനാർത്ഥികളിൽ നിന്ന്, രണ്ട് അഭിമുഖങ്ങളും ഒരു പ്രെസന്റേഷനും ഉള്ള കഠിനമായ തിരഞ്ഞെടുപ്പിന് ശേഷം കമ്മീഷണറെ നിശ്ചയിച്ചുവെന്ന് ഔദ്യോഗിക വിവരം. സംഘടിത കുറ്റവാളികളെ നേരിടുന്നതിനും, ദേശീയ സുരക്ഷാ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനും ജസ്റ്റിൻ കെല്ലിക്ക് മികച്ച കഴിവുണ്ടെന്നും അതാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാനുള്ള മുഖ്യകാരണമെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

2024 ഒക്ടോബർ മുതൽ ഡെപ്യൂട്ടി കമ്മീഷണറായാണ് ജസ്റ്റിൻ കെല്ലി ഗാർഡ ഡിപ്പാർട്മെന്റിൽ സേവനം അനുഷ്ഠിച്ചുവരുന്നത്.


Add comment

Comments

There are no comments yet.