അയര്‍ലണ്ടില്‍ കൗമാര കുറ്റവാളികളുടെ എണ്ണം ഒരു പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Published on 7 August 2025 at 21:36

ഐറിഷ് പ്രൊബേഷന്‍ സര്‍വീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ 12-17 വയസ്സുള്ള 609 കൗമാരക്കാരെയാണ് വിവിധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് നല്ലനടപ്പിന് വിധിച്ചത്. 2023-ലെ കണക്കുകളേക്കാള്‍ 10% വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഈ 609 പേരില്‍ 567 പേര്‍ ആണ്‍കുട്ടികളും 42 പേര്‍ പെണ്‍കുട്ടികളുമാണ്.ചെറിയ കുറ്റങ്ങള്‍ക്ക് തടവിനുപകരം, പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ സാമൂഹികസേവനം നടത്തുന്നതാണ് ഈ കൗമാരക്കാര്‍ക്ക് നല്‍കുന്ന ശിക്ഷാ രീതിയാകുന്നത്. അവരുടെ കുറ്റവാസന മാറ്റുകയും, സാധാരണ സമൂഹജീവിതത്തിലേക്ക് തിരിച്ചെത്താനാകുന്ന വിധത്തില്‍ നേതൃത്വം നല്‍കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

രാജ്യത്ത് കൗമാരക്കാര്‍ തമ്മിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവര്‍ ചെയ്ത പ്രധാനപ്പെട്ട കുറ്റങ്ങളില്‍ മോഷണമാണ് (18.5%) ഒന്നാമതേത്. അക്രമം (17.4%), മയക്കുമരുന്ന് ഉപയോഗം (16.1%), പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കല്‍ (9.9%), ഗതാഗത നിയമലംഘനം (7.5%), കൊള്ള (5.7%) എന്നിവയാണ് മറ്റ് പ്രധാന കുറ്റകൃത്യങ്ങള്‍.

ഇത്തരം കണക്കുകള്‍ കൗമാരങ്ങളില്‍ സാമൂഹിക മാനസിക പിന്തുണയുടെ ആവശ്യകതയെ വ്യക്തമാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Add comment

Comments

There are no comments yet.