ഓണാശംസകൾക്കൊപ്പം ജാഗ്രതയും: അയർലണ്ടിലെ മലയാളികൾക്ക് യൂറോമലയാളിയുടെ മുന്നറിയിപ്പ്

Published on 11 August 2025 at 21:37

ഡബ്ലിന്‍: അടുത്തിടെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങൾ അയർലണ്ടിൽ വർധിച്ച പശ്ചാത്തലത്തിൽ, ഈ ഓണാഘോഷകാലത്ത് മലയാളി സമൂഹം പ്രത്യേക ജാഗ്രത പുലർത്തണമെന്ന് യൂറോമലയാളി അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് പൊതു സ്ഥലങ്ങളിലെ വൻകിട പരിപാടികൾ, പ്രകടനങ്ങൾ, സംഗീതോത്സവങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുകയും, ആഘോഷങ്ങൾ വീടുകൾക്കുള്ളിലോ നിയന്ത്രിത ഇടങ്ങളിലോ മാത്രം നടത്തുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.

അയർലണ്ടിലെ യുവാക്കളിൽ കുടിയേറ്റക്കാരോടുള്ള വിരോധവും, അവർ കൊണ്ടുവരുന്ന സാംസ്കാരിക മാറ്റങ്ങൾ അയർലണ്ടിന്റെ ശാന്തമായ ജീവിതരീതിയെ ബാധിക്കുമെന്ന ഭീതിയും വർധിച്ചുവരുന്നുവെന്ന വിലയിരുത്തലാണ് സമൂഹ നേതാക്കൾ പങ്കുവെക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടുണ്ടായ അക്രമങ്ങൾ ഇതിനൊരു തെളിവാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

“ഒണത്തിന്റെ സന്തോഷം കുടുംബങ്ങളിലും സുഹൃത്തുക്കളുടെയും ഇടയിലും പങ്കിടാം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതു വേദികളിൽ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് വിവേകപൂർവം ഒഴിവാക്കേണ്ടതാണ്,” യൂറോമലയാളി പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ ആഴ്ച മുഴുവൻ സുരക്ഷാ ജാഗ്രത കർശനമായി പാലിക്കണമെന്നും, യാത്രകൾക്കും രാത്രികാല പുറപ്പാടുകൾക്കും പരമാവധി നിയന്ത്രണം വരുത്തണമെന്നും, സാമൂഹിക മാധ്യമങ്ങളിൽ വലിയ ആഘോഷങ്ങളുടെ പ്രഖ്യാപനങ്ങൾ പരിമിതപ്പെടുത്തണമെന്നും മലയാളി സമൂഹത്തോട് സംഘടന ആവശ്യപ്പെട്ടു.


Add comment

Comments

There are no comments yet.