
വാട്ടര്‍ഫോര്‍ഡിലെ മലയാളിയായ ബിജോയ് കുളക്കടയും കുടുംബവും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിലപിടിപ്പുള്ള ലഗേജ് നഷ്ടപ്പെട്ടതായി പരാതി. കൊല്ലം കുളക്കട ചെറുവള്ളൂര്‍ ഹൗസില്‍ സ്വദേശിയായ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകന്‍ ഡെറിക് ബിജോയ് കോശി എന്നിവരാണ് നഷ്ടപരിഹാരം തേടുന്നത്. അയര്‍ലണ്ടിലെ ആരോഗ്യ മേഖലയിലാണ് ബിജോയും ഭാര്യ ഷീനയും ജോലി ചെയ്യുന്നത്.അവധിക്കാലം ചെലവിടാനായി ജൂലൈ 23-ന് ഡബ്ലിനില്‍ നിന്ന് മുംബൈ വഴി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കൊച്ചി വിമാനത്താവളത്തിലേക്ക് കുടുംബം യാത്ര തിരിച്ചു. ഡബ്ലിനില്‍ നിന്ന് നാലു ബാഗുകളുമായി പുറപ്പെട്ടെങ്കിലും മുംബൈയില്‍ എത്തിയപ്പോള്‍ തിരികെ ലഭിച്ചത് മൂന്ന് ബാഗുകള്‍ മാത്രമായിരുന്നു.
28 കിലോ ഭാരമുള്ള ബാഗേജ് നഷ്ടപ്പെട്ടതായി ബിജോയ് രേഖകളും ഉള്‍പ്പെടുത്തി പരാതി നല്‍കി. തുടര്‍ന്ന് ഓഗസ്റ്റ് 2-ന് ഇന്‍ഡിഗോ പ്രതിനിധികള്‍ ബാഗേജ് എത്തിച്ചെങ്കിലും, അതിന്റെ ഭാരം വെറും 15 കിലോ മാത്രമായിരുന്നു. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന സാമാനങ്ങളാണ് കാണാതായത്.
ഭാരം കുറഞ്ഞതിന് വ്യക്തമായ വിശദീകരണം ഇന്‍ഡിഗോ അധികൃതര്‍ നല്‍കിയിട്ടില്ല. “അന്വേഷണം നടക്കുന്നു” എന്നതാണ് അവരുടെ ഏക മറുപടി. സംഭവവുമായി ബന്ധപ്പെട്ട് ബിജോയ് കേരളാ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Add comment
Comments