അയർലണ്ടിലെ ഇന്ത്യൻ വംശജരെതിരായ ആക്രമണങ്ങളിൽ ആശങ്ക; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്

Published on 12 August 2025 at 21:43

ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് നടന്ന സമീപകാല ഗുരുതരമായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച്, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഇന്ത്യൻ സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം ആക്രമണങ്ങൾ നടത്തിയവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.വാട്ടർഫോർഡിൽ ആറു വയസ്സുകാരിയായ മലയാളി പെൺകുട്ടിയ്ക്ക് നേരിട്ട ക്രൂരമായ ആക്രമണം പ്രത്യേകിച്ച് പരാമർശിച്ച ഹാരിസ്, അത് “ഭീകരവും ഹൃദയഭേദകവുമായ സംഭവം” എന്നാണ് വിശേഷിപ്പിച്ചത്.

അയർലണ്ടിൽ ഏകദേശം 80,000 ഇന്ത്യൻ വംശജർ താമസിക്കുന്നുണ്ടെന്നും, അയർലണ്ടിന്റെ ആരോഗ്യരംഗം ഇന്ത്യക്കാരില്ലാതെ നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്വ്യവസ്ഥയിലെ നിരവധി മേഖലകളിൽ ഇന്ത്യൻ സാന്നിധ്യം അപൂർവമാണെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

അയർലണ്ട് വംശീയതയെ വെറുക്കുന്ന രാജ്യമാണ് എന്നും, ഇത്തരം സംഭവങ്ങൾ കണ്ടാൽ പൊതുസമൂഹം തുറന്നുപറഞ്ഞ് അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളിൽ പ്രായം കുറഞ്ഞ കുട്ടികളും ഉണ്ടെന്ന കാര്യം ഏറ്റവും ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുന്നതിനായി ഹാരിസ് ഇന്ന് അയർലണ്ട്-ഇന്ത്യ കൗൺസിലിന്റെ പ്രതിനിധികളെ കാണും. നാളെ ഇന്ത്യൻ എംബസിയുടെ പ്രതിനിധികളുമായും, സമൂഹ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ 22 ദിവസത്തിനിടെ ഡബ്ലിൻ, വാട്ടർഫോർഡ് മേഖലകളിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നടന്ന അഞ്ച് പ്രധാന ആക്രമണങ്ങളിലും അന്വേഷണം പുരോഗമിക്കുന്നതായി ഗാർഡ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വാട്ടർഫോർഡിൽ ആക്രമിക്കപ്പെട്ട ആറു വയസ്സുകാരിയും, ഡബ്ലിനിൽ കൊടും ക്രൂരമായി ആക്രമിക്കപ്പെട്ട ഷെഫ് ലക്സ്ൺ ദാസ് എന്നിവരും ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മുഴുവൻ മോചിതരായിട്ടില്ല.


Add comment

Comments

There are no comments yet.