
ഡബ്ലിന്‍: കഴിഞ്ഞ വാരാന്ത്യം ഡബ്ലിനില്‍ വെച്ച് കൗമാരക്കാരുടെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാജ്യം വിടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് 5.30ഓടെ ഫെയര്‍വ്യൂ പാര്‍ക്കിലാണ് സംഭവം നടന്നത്. ഇന്ത്യക്കാരനായ യുവാവിനെ ഒരു സംഘം കൗമാരക്കാര്‍ വയറ്റില്‍ ചവിട്ടുകയും, മര്‍ദ്ദിക്കുകയും ചെയ്തതായി പറയുന്നു. ആക്രമണത്തില്‍ നെറ്റി പൊട്ടുകയും അടക്കമുള്ള ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് മുറിവില്‍ എട്ട് തുന്നലുകള്‍ വേണമെന്നുണ്ടായി.സംഭവം നടന്നപ്പോള്‍ ആദ്യഘട്ടത്തില്‍ ആരും തന്നെ സഹായത്തിന് എത്തിയില്ലെന്ന് യുവാവ് പറഞ്ഞു. പിന്നീട് രണ്ട് കൗമാരക്കാരാണ് സഹായത്തിനെത്തുകയും, ഗാര്‍ഡയെ വിവരം അറിയിക്കുകയും ചെയ്തത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുകയാണ്.
ആക്രമണത്തിന് ശേഷം താനും ഉള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നുവെന്നും, പലരും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും യുവാവ് പറഞ്ഞു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഇയാള്‍ തീസിസ് ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ അനുവാദം തേടിയിട്ടുണ്ടെന്നും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും അറിയിച്ചു.
ഡബ്ലിനിലെ ഇന്ത്യന്‍ എംബസി തന്നെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടതായും ഇയാള്‍ ആരോപിച്ചു. സഹോദരന്‍ എംബസിയെ സമീപിച്ചപ്പോള്‍ സംഭവത്തിന്റെ വിശദാംശങ്ങളോടെ ഇമെയില്‍ അയയ്ക്കാന്‍ പറഞ്ഞതൊഴിച്ച് മറ്റൊന്നും ചെയ്തില്ലെന്നാണ് ഇയാളുടെ വിമര്‍ശനം.
Add comment
Comments