
അയർലണ്ടിൽ പുതുതായി നിർമ്മിച്ച വീടുകൾ സ്വന്തമാക്കുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട കുടിയേറ്റ സമൂഹമായി ഇന്ത്യൻ കുടിയേറ്റക്കാർ മാറിയതായി ഡബ്ലിനിലെ പ്രമുഖ ധനകാര്യ സംഘടനയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.ഐടി, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഈ പ്രവണത ശക്തമായത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇന്ത്യൻ പൗരന്മാർ പുതിയ വീടുകൾ സ്വന്തമാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
അയർലണ്ടിൽ ദീർഘകാലം തുടരാൻ ആഗ്രഹിക്കുന്നതിനാൽ, വിപണിയിൽ ലഭ്യത കുറവായിട്ടും ഉയർന്ന വില നൽകി വീടുകൾ സ്വന്തമാക്കാൻ ഇന്ത്യൻ കുടിയേറ്റക്കാർ മത്സരിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, വാടകയ്ക്ക് നൽകാനുള്ള വീടുകളുടെ ഉടമസ്ഥാവകാശം കൈവരിക്കുന്നതിൽ അമേരിക്കക്കാരും ചൈനക്കാരുമാണ് കൂടുതലായി സജീവം.
ജൂലൈയിൽ മാത്രം അംഗീകരിച്ച മൊത്തം മോർട്ട്ഗേജുകളുടെ മൂല്യം 1.61 ബില്യൺ യൂറോ ആയിരുന്നു. അതിൽ, ആദ്യമായി വീട് വാങ്ങുന്നവർ ഏറ്റെടുത്തത് 1 ബില്യൺ യൂറോയ്ക്ക് മുകളിലാണ്. മുൻ വർഷത്തേക്കാൾ “ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണത്തിലും മോർട്ട്ഗേജ് അംഗീകാരത്തിലും 21% വർദ്ധന” ഉണ്ടാക്കിയതായി ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷന്റെ സിഇഒ ബ്രയാൻ ഹെയ്സ് അറിയിച്ചു.
2024-ൽ മൊത്തം 49,384 മോർട്ട്ഗേജുകൾ അംഗീകരിച്ചപ്പോൾ, അതിൽ 30,550 എണ്ണം ആദ്യ തവണ മോർട്ട്ഗേജുകളാണ്. ഇതിന് പുറമെ, “ഹെൽപ്പ് ടു ബൈ” സ്കീമിനായി റവന്യൂ കമ്മീഷണർമാർക്ക് നൽകിയ അപേക്ഷകൾ 2025-ലെ ആദ്യ ഏഴ് മാസങ്ങളിൽ മാത്രം 45% വർദ്ധിച്ച് 23,902 ആയി.
Add comment
Comments