ഡബ്ലിൻ : രാജ്യത്ത് വാടക നിരക്കുകൾ വീണ്ടും ഉയർന്നു

Published on 25 August 2025 at 21:55

അയർലണ്ടിലെ വാടക നിരക്കുകൾ വീണ്ടും ഉയർന്നതായി ഡാഫ്റ്റ്.ഇയുടെ പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു. ശരാശരി വാടക കഴിഞ്ഞ പാദത്തിൽ 1.6 ശതമാനം വർദ്ധിച്ചിരിക്കുകയാണ്. ഇതോടെ തുടർച്ചയായി പതിനെട്ടാം പാദത്തിലും വാടക ഉയർന്നതായി രേഖപ്പെട്ടു.കഴിഞ്ഞ നാല് പാദങ്ങളിലെയും വർദ്ധനവ് കൂടി ചേർത്താൽ, ഇപ്പോഴത്തെ വാടക കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി 6.9 ശതമാനം കൂടുതലാണ്. 2011-ൽ രാജ്യത്തെ ശരാശരി വാടക 765 യൂറോ ആയിരുന്നപ്പോൾ, ഇപ്പോൾ അത് മൂന്നിരട്ടി ഉയർന്ന് 2,055 യൂറോയായിട്ടുണ്ട്.

വാടക ഉയരാൻ വീടുകളുടെ ലഭ്യതയിൽ കാര്യമായ പുരോഗതി ഇല്ലാത്തതാണ് പ്രധാന കാരണം. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിലേതുപോലെ, പ്രശ്നത്തിന് ഏകപരിഹാരം പുതിയ വാടക വീടുകൾ നിർമ്മിക്കുകയാണെന്ന് റിപ്പോർട്ടിന്റെ രചയിതാവും ട്രിനിറ്റി കോളേജ് ഡബ്ലിന്റെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ റോണൻ ലയൺസ് വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിന് രാജ്യത്ത് വാടകയ്ക്ക് ലഭ്യമായിരുന്ന വീടുകൾ 2,300 മാത്രമായിരുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനം കുറവാണെന്നും, 2015 മുതൽ 2019 വരെയുള്ള ശരാശരിയുടെ പകുതിമാത്രമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഡബ്ലിനിൽ വാടക 6.5 ശതമാനം വർദ്ധിച്ചപ്പോൾ, രാജ്യത്തെ ശരാശരി വർദ്ധനവ് 7.3 ശതമാനമായി. മറ്റ് നഗരങ്ങളിൽ ലിമെറിക്കിലാണ് ഏറ്റവും വലിയ ഉയർച്ച (14.9%) രേഖപ്പെടുത്തിയിരിക്കുന്നത്. ഗാൽവേയിൽ 8.5 ശതമാനം, കോർക്കിൽ 11.8 ശതമാനം, വാട്ടർഫോർഡിൽ 12.5 ശതമാനം വർദ്ധനവ് ഉണ്ടായി. പ്രധാന അഞ്ചു നഗരങ്ങൾക്കു പുറത്തും ശരാശരി 6.2 ശതമാനം വർദ്ധനവ് റിപ്പോർട്ടിൽ പറയുന്നു.


Add comment

Comments

There are no comments yet.