ഡബ്ലിന്‍: താമസ സൗകര്യ പ്രതിസന്ധി പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളോട് വാടക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

Published on 28 August 2025 at 21:01

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താമസിക്കാന്‍ വീടുകള്‍ കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുമ്പോള്‍, അതിന്റെ മറവില്‍ വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വാടക തട്ടിപ്പുകള്‍ ഭീഷണിയാകുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം ഇത്തരം കേസുകളില്‍ 22% വര്‍ധനവ് രേഖപ്പെടുത്തിയതായി ഗാര്‍ഡ റിപ്പോര്‍ട്ട്.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറ്റവും കൂടുതലായും നടക്കുന്നത്. പുതുതായി വിദ്യാര്‍ത്ഥികള്‍ അയര്‍ലണ്ടിലെത്തുന്നതും, പഴയവര്‍ കോളേജുകളിലേക്ക് മടങ്ങുന്നതുമായ സമയമായതിനാല്‍ പരാതികളുടെ എണ്ണവും വര്‍ധിക്കുമെന്ന് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ മുന്നറിയിപ്പ് നല്‍കി.

ഗാര്‍ഡ കണക്കുകള്‍ പ്രകാരം ഇരകളില്‍ ഭൂരിഭാഗവും യുവാക്കളാണ്. താമസസൗകര്യത്തിനായി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നതിലൂടെ തന്നെയാണ് വഞ്ചനകള്‍ നടക്കുന്നത്. "വീടിന്റെ ഉടമ വിദേശത്താണെന്നും, ഡെപ്പോസിറ്റ് അടച്ചില്ലെങ്കില്‍ വീട് കാണിക്കാന്‍ കഴിയില്ല" എന്ന വ്യാജവാദം ഉയര്‍ത്തി വിദ്യാര്‍ത്ഥികളെ കുടുക്കുകയാണ് പ്രധാന രീതി. ചിലര്‍ക്ക് നിലവിലില്ലാത്ത വീടുകളുടെ പേരിലും, വ്യാജ താക്കോലുകള്‍ നല്‍കിയുമാണ് പണം തട്ടിയെടുത്തത്. പലപ്പോഴും തട്ടിപ്പുകാര്‍ പിന്നീട് പൂര്‍ണമായും കാണാതാകുന്നതും പതിവാണ്.

മലയാളികളുള്‍പ്പെടുന്ന ഇന്ത്യന്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ രണ്ട് തട്ടിപ്പ് ഗ്രൂപ്പുകള്‍ ഡബ്ലിനില്‍ സജീവമാണെന്നും, ഇതിനകം നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇരകളായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നത്:

  • ഒരിക്കലും പണം നേരിട്ട് കൈമാറരുത്.

  • റിവോള്‍ട്ട് വഴിയുള്ള പേയ്‌മെന്റുകളും ഒഴിവാക്കണം.

  • കണ്ടെത്താന്‍ കഴിയുന്ന, തിരികെ ലഭിക്കാവുന്ന രീതിയിലാണ് ഇടപാടുകള്‍ നടത്തേണ്ടത്.

  • താമസ സൗകര്യം തേടുമ്പോള്‍ കോളേജ് അക്കോമഡേഷന്‍ പോര്‍ട്ടലുകളോ അംഗീകൃത ലെറ്റിംഗ് ഏജന്‍സികളോ മാത്രം ആശ്രയിക്കണം.

  • ക്ലോണ്‍ ചെയ്ത വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം 160 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ 34% പേര്‍ 25 വയസ്സിന് താഴെ പ്രായമുള്ളവരും, 66% പേര്‍ 33 വയസ്സിന് താഴെയുള്ളവരുമാണെന്ന് ഗാര്‍ഡ വ്യക്തമാക്കുന്നു. ഇതുവഴി ഏകദേശം 3,85,000 യൂറോയാണ് നഷ്ടപ്പെട്ടത്. 2024-ല്‍ മൊത്തം 6,17,000 യൂറോയുടെ വാടക തട്ടിപ്പുകളാണ് നടന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Add comment

Comments

There are no comments yet.