രാജ്യത്തെ നഴ്‌സിംഗ് ഹോമുകളിലും ആരോഗ്യ മേഖലയിലും നിലവിലുള്ള EU–Non-EU 50:50 തൊഴിൽ അനുപാത നിയമം നിരവധി നഴ്‌സിംഗ് ഹോം ഗ്രൂപ്പുകളെ ഗുരുതരമായ ജീവനക്കാരുടെ ക്ഷാമത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ആവശ്യമായ എണ്ണം യൂറോപ്യൻ യൂണിയൻ (EU) ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ഈ നിയമം സ്ഥാപനങ്ങളുടെ പ്രവർത്തന തുടർച്ച തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.
Department of Enterprise, Trade and Employment (DETE) യുടെ നിയന്ത്രണങ്ങൾ പ്രകാരം, 50:50 അനുപാതം കവിയുന്ന സ്ഥാപനങ്ങൾക്ക് Non-EU ജീവനക്കാർക്കായി പുതിയ തൊഴിൽ അനുമതികൾ അനുവദിക്കുന്നത് തടസ്സപ്പെടുകയാണ്. ഇതോടെ ഇതിനകം രൂക്ഷമായിരിക്കുന്ന സ്റ്റാഫ് ക്ഷാമം ആരോഗ്യ മേഖലയെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധിയിലേക്കാണ് തള്ളുന്നത്.
ഒരു പ്രമുഖ നഴ്‌സിംഗ് ഹോം ഗ്രൂപ്പിൽ മാത്രം 100-ലധികം Non-EU ജീവനക്കാർക്ക് കഴിഞ്ഞ ആറുമാസത്തിലേറെയായി തൊഴിൽ അനുമതി ലഭിക്കാതെ കാത്തിരിക്കേണ്ടിവരുന്നതായാണ് റിപ്പോർട്ട്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇവരുടെ രാജ്യത്തെ താമസാവകാശം പോലും ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
2025 നവംബറിൽ Nursing Homes Ireland (NHI) സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി, ആരോഗ്യ മേഖലയെ പ്രത്യേക സാഹചര്യമായി കണക്കാക്കി 50:50 നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ സർക്കാർ ഭാഗത്ത് നിന്ന് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.
ജീവനക്കാരുടെ കടുത്ത ക്ഷാമം തുടർന്നാൽ നഴ്‌സിംഗ് ഹോമുകളുടെ പ്രവർത്തനക്ഷമത തകരുമെന്നും, താമസക്കാർക്ക് ലഭിക്കുന്ന പരിചരണത്തിന്റെ ഗുണനിലവാരം ഗുരുതരമായി ബാധിക്കപ്പെടുമെന്നും മേഖല മുന്നറിയിപ്പ് നൽകുന്നു. സർക്കാർ അടിയന്തിരമായി ഇടപെടുകയും ആരോഗ്യ മേഖലയ്ക്കായി യാഥാർത്ഥ്യബോധമുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യണമെന്നതാണ് Nursing Homes Ireland ന്റെ ശക്തമായ ആവശ്യം.
Add comment
Comments