ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ച സംഭവമായി, ഡബ്ലിനിലെ സ്വോർഡ്സിലെ ബോറെവി പ്രദേശത്ത് താമസിക്കുന്ന കുടുംബസ്ഥനായ മലയാളിയെ ഗാർഡയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തു. ബാലപീഡനവുമായി ബന്ധപ്പെട്ട രഹസ്യ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്.
അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, പ്രതി ഒരു 13-കാരിയായ പെൺകുട്ടിയുമായി ഓൺലൈൻ വഴി സംസാരിക്കുന്നതായി കരുതിയാണ് ഏറെ നാളായി ചാറ്റിംഗ് നടത്തിയിരുന്നത്. എന്നാൽ, ആ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ബാലപീഡനങ്ങളെ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്ന അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരുന്നു.
ചാറ്റിംഗിനിടെ പ്രതി ലൈംഗിക ഉദ്ദേശങ്ങൾ പ്രകടിപ്പിക്കുകയും പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യ മരിച്ചതിനാൽ താൻ ഏകാകിയാണെന്നും പറഞ്ഞ് സഹാനുഭൂതി നേടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
തെളിവുകൾ സമ്പൂർണമായി ശേഖരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടത്തിയത്. ബാലപീഡനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അയർലൻഡിൽ കർശനമായ നിയമങ്ങളുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ഒരു വർഷം മുമ്പാണ് ഇയാൾ അയർലൻഡിലെത്തിയതെന്നാണ് റിപ്പോർട്ട്. ഈ സംഭവം ഇന്ത്യൻ പ്രവാസി സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനും വലിയ അപമാനമായി മാറിയിരിക്കുകയാണ്.
കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Add comment
Comments