അയർലണ്ടിൽ 'പട്ടുണ്ണി(Ticks) ശല്യം വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

Published on 7 May 2026 at 20:29

അയർലണ്ടിൽ വേനൽക്കാലം ആരംഭിച്ചതോടെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സുരക്ഷാ ഏജൻസിയായ എച്ച്.എസ്.ഇ (HSE) മുന്നറിയിപ്പ് നൽകി. പുല്ലുകൾക്കിടയിലും കാടുകളിലും ഒളിച്ചിരിക്കുന്ന പട്ടുണ്ണികൾ (Ticks) വഴിയുള്ള രോഗബാധയ്ക്കെതിരെയാണ് ഈ ജാഗ്രതാ നിർദ്ദേശം. അയർലണ്ടിൽ എല്ലായിടത്തും പട്ടുണ്ണികളുടെ സാന്നിധ്യമുണ്ടെന്നും വേനൽക്കാലത്താണ് ഇവയുടെ എണ്ണം കൂടുന്നതെന്നും ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (HPSC) വ്യക്തമാക്കി. മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും പറ്റിപ്പിടിച്ച് രക്തം കുടിക്കുന്ന ഈ ജീവികൾ ഏപ്രിൽ മാസം മുതൽ കൂടുതൽ സജീവമാകുന്നതിനാൽ, ഈ കാലയളവിൽ 'ലൈം ഡിസീസ്' (Lyme disease) ബാധിക്കാനുള്ള സാധ്യത ഏറെയാണ്.

പട്ടുണ്ണി കടിയേൽക്കുന്നത് വഴി പകരുന്ന ബാക്ടീരിയൽ അണുബാധയാണ് ലൈം ഡിസീസ്. മിക്ക കേസുകളും നിസ്സാരമാണെങ്കിലും, ചിലരിൽ ഇത് ഹൃദയം, സന്ധികൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കാമെന്ന് ഐറിഷ് മിറർ റിപ്പോർട്ട് ചെയ്യുന്നു. കടിയേറ്റ ഭാഗത്ത് ചുവന്ന വട്ടത്തിലുള്ള പാടുകൾ (Bullseye rash) കാണപ്പെടുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്. മുതിർന്നവരുടെ കൈകാലുകളിലും കുട്ടികളുടെ തലയിലും കഴുത്തിലുമാണ് ഇവ സാധാരണയായി കടിക്കുന്നത്. അതിനാൽ കാടുകളിലും പാർക്കുകളിലും സമയം ചെലവഴിച്ച ശേഷം ശരീരത്തിൽ പട്ടുണ്ണികൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും, പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.


Add comment

Comments

There are no comments yet.