സഹപ്രവർത്തകയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം - മലയാളി നഴ്സ് കുറ്റക്കാരനെന്ന് അയർലൻഡ് നഴ്സിങ് ബോർഡ്

Published on 23 May 2026 at 12:33

ഡബ്ലിൻ: ജോലിസ്ഥലത്തുവെച്ച് സഹപ്രവർത്തകയായ വനിതാ നഴ്സിനോട് മോശമായി പെരുമാറുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത മലയാളി നഴ്സ് പ്രൊഫഷണൽ അച്ചടക്കലംഘനത്തിന് (Professional Misconduct) കുറ്റക്കാരനാണെന്ന് അയർലൻഡ് നഴ്സിങ് ബോർഡ് (NMBI) കണ്ടെത്തി. ഡബ്ലിനിലെ സ്വോർഡ്സ്, ഹോളിഫെൽ പ്ലേസിൽ താമസിക്കുന്ന ജിഷ്ണു കുറുപ്പ് (37) എന്ന തിയേറ്റർ സ്റ്റാഫ് നഴ്സിനെതിരെയാണ് നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്.2019 ജനുവരി 29-ന് ഒരു ആശുപത്രിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ വനിതാ നഴ്സിന്റെ (മിസ് എ) തോളിൽ ജിഷ്ണു അനുവാദമില്ലാതെ സ്പർശിക്കുകയും "നിങ്ങളുടെ തലവേദന ആർത്തവവുമായി ബന്ധപ്പെട്ടതാണോ?" എന്ന് അനാവശ്യമായി ചോദിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ യുവതിക്ക് മുന്നിൽ സ്വന്തം ജനനേന്ദ്രിയം പ്രദർശിപ്പിക്കുകയായിരുന്നു.ഈ സംഭവവുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 15-ന് ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതി ജിഷ്ണു കുറുപ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം (Criminal Law Sexual Offences Act 2017) ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോടതി വിധി പ്രസ്താവിച്ചെങ്കിലും ശിക്ഷ വിധിക്കുന്നതിനായി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് (Bench Warrant) പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വാറണ്ട് നിലവിലും നിലനിൽക്കുന്നുണ്ടെന്ന് ഗാർഡ (അയർലൻഡ് പോലീസ്) സമിതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന നഴ്സിങ് ബോർഡിന്റെ ഫിറ്റ്നസ് ടു പ്രാക്ടീസ് വിചാരണയിൽ ജിഷ്ണു കുറുപ്പ് നേരിട്ടോ അഭിഭാഷകർ വഴിയോ ഹാജരായിരുന്നില്ല. എന്നാൽ ഇരയായ വനിതാ നഴ്സ് രഹസ്യമായി മൊഴി നൽകി. ഇവരുടെ മൊഴി തികച്ചും വിശ്വസനീയവും വ്യക്തവുമാണെന്ന് സമിതി അധ്യക്ഷ മേരി ലീഹി പറഞ്ഞു. ജോലിസ്ഥലത്ത് സഹപ്രവർത്തകയുടെ വിശ്വാസത്തെ പൂർണ്ണമായും തകർക്കുന്നതും അങ്ങേയറ്റം ഭയപ്പെടുത്തുന്നതുമായ അനുഭവമാണ് ജിഷ്ണുവിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്നതെന്ന് സമിതി നിരീക്ഷിച്ചു.

ഒരു രജിസ്റ്റേർഡ് നഴ്സിൽ നിന്ന് പ്രതീക്ഷിക്കുന്ന ധാർമ്മികമായ പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ജിഷ്ണു കുറുപ്പിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് നഴ്സിങ് പ്രൊഫഷന് തന്നെ അപമാനമാണെന്നും ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. നിയമപരമായ കാരണങ്ങളാൽ സംഭവം നടന്ന ആശുപത്രിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


Add comment

Comments

There are no comments yet.